news image
12 May 2023

World Nurses Day

ആതുരശുശ്രൂഷാ രംഗത്തെ ബദല്‍ മാതൃകയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയെന്ന് ബഹു. കേരളാ കായിക-വഖഫ് വകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളമാണ് ആരോഗ്യമേഖലയില്‍ ലോകരാജ്യങ്ങളുടെ പേരിനൊപ്പം ഇടംനേടിയത് എന്നുള്ളത് അഭിമാനാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതില്‍ വലിയപങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഇഎംഎസ് ആശുപത്രിയെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര ആശുപത്രിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഡോ.വന്ദനയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രക്കിടയില്‍തന്നെ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചശേഷം നടന്ന മന്ത്രിസഭായോഗത്തില്‍ ആശുപത്രികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചുവെന്നും, ഇതുപോലുള്ള സംഭവം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായ എല്ലാ ശക്തമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമാധാനത്തോടുകൂടി പ്രവര്‍ത്തിക്കാനുള്ള ശാന്തമായ അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും മന്ത്രി നഴ്സിംഗ് സന്ദേശത്തില്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ രജതജൂബിലിയുടെ ഭാഗമായി മെയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനം ഉദ്ഘാടനവും, ഇഎംഎസ് ഹെല്‍ത്ത് ആപ്പ് ലോഞ്ചിംഗും രാവിലെ 10 ന് ആശുപത്രി അങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ബഹു. കേരളാ കായിക-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍.

അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ ജോലിചെയ്തുവരുന്ന 500 ലധികം നഴ്സുമാര്‍ രാവിലെ ആശുപത്രിയ്ക്ക് മുന്നില്‍ അണിനിരന്ന് പ്രതിഞ്ജയെടുത്തു. ഇഎംഎസ് ഹെല്‍ത്ത് ആപ്പ് ലോഞ്ചിംഗോടു കൂടി, രോഗികള്‍ക്ക് ഓണ്‍ലൈനായി ഡോക്ടര്‍മാരെ ബുക്ക് ചെയ്യുന്നതിനും ലാബ് റിപ്പോര്‍ട്ടുകളും മറ്റു പരിശോധനാ റിപ്പോര്‍ട്ടുകളും നേരിട്ട് ലഭ്യമാക്കുന്നതിനും അവസരമുണ്ടാകും. രോഗിയുടെ ആരോഗ്യവിവരങ്ങള്‍ നേരിട്ട് ഏത് സമയത്തും എവിടെയും വെച്ച് ലഭിക്കുന്നതിന് ഈ ആപ്പ് മുഖേന സാധ്യമാകും. ആരോഗ്യപരമായ വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധ്യമാകും. ഇഎംഎസ് ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട രോഗിയുടെ മുന്‍കാല രോഗവിവരങ്ങളുടെ സമ്മറികള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയും ലഭ്യമാകും.

നഴ്സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഇഎംഎസ് സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പാള്‍ പുഷ്പ ലാസറിനെയും, ആശുപത്രിയുടെ വിവിധ ഡിപ്പാര്‍ട്ട്മന്‍റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബെസ്റ്റ് സ്റ്റാഫ് നഴ്സുമാര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.വന്ദനാ ദാസിനുള്ള അനുശോചനപ്രമേയം ഡോ.കൊച്ചു എസ്.മണിയും, നഴ്സസ് ദിന സന്ദേശം ചീഫ് നഴ്സിംഗ് ഓഫീസര്‍ തനലച്ച്മി വിജയകുമാറും അവതരിപ്പിച്ചു. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സോഫിയ കെ.പി., ഡയറക്ടര്‍മാരായ പി.പി.വാസുദേവന്‍, ഡോ.വി.യു.സീതി, വി.രമേശന്‍, ടി.കെ.കരുണാകരന്‍,ഹഫ്സ മുഹമ്മദ്, പി.സുചിത്ര, കൃഷ്ണന്‍ കാരങ്ങാട്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, മുന്‍ ഐഎംഎ സ്റ്റേറ്റ് പ്രസിഡന്‍റ് ഡോ.എ.വി.ജയകൃഷ്ണന്‍, കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പാള്‍ പൂജാ കെ.മേനോന്‍, കോളേജ് യൂണിയന്‍ പ്രതിനിധി ടീന തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ആശുപത്രി എക്സി.ഡയറക്ടര്‍ വി.ശശികുമാര്‍ സ്വാഗതവും, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ദീപ വി.നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

Share